Friday, September 9, 2016

ഏദോമിൻറെയും ഹെരോദ്യരുടെയും നാശം - വെളിപ്പാട് പുസ്തകം പഠിക്കുന്നതിന് ഒരു സഹായി.

ക്രിസ്തുവിൽ പ്രിയരെ,

ഏദോമിന് ലഭിച്ച ശിക്ഷാവിധിയെ പറ്റി എഴുതണമെന്ന് വളരെ നാളായി കരുതുന്നു. വെളിപ്പാട് പുസ്തകം മനസ്സിലാക്കുന്നതിൽ സഹായകമാണ് ഈ പഠനം. ഏദോമിൻറെ നാശം അധികമാരും ശ്രദ്ധിക്കാത്ത ഒരു വിഷയമാണ്. വെളിപ്പാട് പുസ്തകവും, പ്രവചനത്തിൻറെ ഭാഷയും മനസ്സിലാക്കുന്നതിൽ വളരെ സുപ്രധാനമായ പങ്ക് ഏദോമിൻറെ നാശത്തിനുണ്ട്.

ഏദോം ഒരിക്കലും നാശമായിട്ടില്ല എന്നും ഏദോമ്യർ എവിടെയൊക്കെയോ പതുങ്ങിയിരിക്കുന്നു എന്നും അവർ ഏത് നിമിഷവും വെളിപ്പെടാമെന്നും, പല ലോക നേതാക്കളും ഏദോമ്യരാണെന്നും അവകാശപ്പെടുന്നവരുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരക്കാരാണ് അനാക്യ മല്ലന്മാർ ആകാശത്തിൻറെ ഏതോ മൂലയിൽ ഒളിച്ചിരുപ്പുണ്ടെന്നും 2012 ഡിസംബർ 21ന് അവർ വന്ന് ലോകം പിടിച്ചെടുക്കുമെന്നും പ്രചരിപ്പിച്ചത്.

ഭൂതകാലമോ, ഭാവികാലമോ?


ഏദോമിൻറെ നാശത്തെ പറ്റി പരിഗണിക്കുമ്പോൾ ആശയക്കുഴപ്പം ഉണ്ടാക്കുന്ന വളരെ പ്രധാനപ്പെട്ട രണ്ട് വേദഭാഗങ്ങളാണ് യിരെമ്യാവ് 49, ഓബദ്യാവ് എന്നിവ. ഇവ രണ്ടിലും ഉപയോഗിച്ചിരിക്കുന്ന ഹീബ്രൂ ഗദ്യം (മസോറട്ടിക് പാഠം) ഏറക്കുറെ ഒന്നുതന്നെയാണ്. (ഏകദേശം പകർത്തിയെഴുതിയത് പോലെ.) ഭൂത, ഭാവി, വർത്തമാന കാലങ്ങളെ സൂചിപ്പിക്കുന്ന ഒന്നുംതന്നെയില്ല. കി.മു. ഏഴാം നൂറ്റാണ്ടിൽ അരുളപ്പെട്ട യിരെമ്യാവിൻറെ പ്രവചനം (അദ്ദേഹത്തിൻറെ) ഭാവികാലത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നത് സ്പഷ്ടമാണ്. ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഓബദ്യാവിൻറെ പുസ്തകം ചില പരിഭാഷകളിൽ ഭാവികാലത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത് കാണാം. പക്ഷേ, മിക്കവാറും പരിഭാഷകളിൽ ഭൂതകാലത്തിൽ ആണെന്ന് കാണാം. ഈ വ്യത്യാസം ഹീബ്രൂ ഗദ്യത്തിൽ നിന്നും വന്നതല്ല. ഒന്നുകിൽ പരിഭാഷകർ ഗ്രീക്ക് സെപ്റ്റ്വജിൻറ് പരിഭാഷപ്പെടുത്തി, അല്ലെങ്കിൽ യെഹൂദരുടെ ടാർഗം (Targum, അരാമ്യ ഭാഷയിലുള്ള തിരുവെഴുത്തുകൾ) പരിഭാഷപ്പെടുത്തി.

യിരെമ്യാവിൻറെ പ്രവചനത്തിനും അതിന് ഒരു നൂറ്റാണ്ടിന് ശേഷം നൽകപ്പെട്ട ഓബദ്യാവിൻറെ പ്രവചനത്തിനും ഇടയിൽ ഒന്നും നടന്നിട്ടില്ല എന്ന ഊഹത്തിനേക്കാൾ, നെബൂഖദ്നേസരും ബാബേലും ഏദോമിനെ ആക്രമിച്ചു എന്ന ചരിത്രസംഭവം ഈ കാലത്തിനിടയിലാണ് സംഭവിച്ചത്, അതുകൊണ്ടുതന്നെ ഓബദ്യാവിൻറെ പ്രവചനം ഭൂതകാലത്തിൽ എഴുതപ്പെട്ടിരിക്കുന്ന പരിഭാഷകളാണ് ശരി എന്ന നിലപാടാണ് ഞാൻ സ്വീകരിക്കുന്നത്.

ഏശാവ്, ഏദോം, ബൊസ്ര, ശേയീർ


ഞാൻ സോഫ്റ്റ്വെയർ കമ്പനിയിൽ ജോലിചെയ്തുകൊണ്ടിരുന്ന കാലത്ത് നാട്ടിൽ നിന്നും ഒരാൾ എൻറെ ഓഫീസിൽ വന്നു. ആറടിയിൽ കൂടുതൽ ഉയരം, വെളുത്ത് ചുവന്ന രൂപം, ഏകദേശം ഒരു ഗൾഫ് മുതലാളിയുടെ എല്ലാ വേഷഭൂഷാദികളും. ഇദ്ദേഹം പേരും, ബാപ്പയുടെ പേരും പറഞ്ഞിട്ടും എനിക്ക് ആളെ മനസ്സിലായില്ല. അപ്പോൾ, ചുറ്റിലും ആരുമില്ലെന്ന് ഉറപ്പുവരുത്തിയിട്ട് അവൻ പതിയെ പറഞ്ഞു: “ടോംസാനേ, ഞാൻ മുക്കാച്ചക്ക”. എനിക്ക് ആളെ മനസ്സിലായി. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ഞങ്ങളുടെ പുരയിടത്തിൽ അരിമുളക് പെറുക്കുവാൻ വന്നിരുന്ന ദരിദ്രരായ കുട്ടികൾ ചക്ക പറിച്ച് തിന്നും. ഈ ഉമ്മർ ഒറ്റയിരുപ്പിന് വലിയ ഒരു ചക്കയുടെ മുക്കാൽ ഭാഗം തിന്നുതീർക്കുന്നത് കണ്ട ഞങ്ങൾ അവന് പേരിട്ടു: മുക്കാച്ചക്ക. (വിശപ്പും പട്ടിണിയും അറിയാത്ത ഞങ്ങൾ അവന് അങ്ങനെ പേരിട്ടത് തെറ്റാണ്.)

അതുപോലെ, ഒരിക്കൽ വേട്ടയാടി വിശന്ന് വലഞ്ഞുവന്ന യിസ്ഹാക്കിൻറെ മൂത്തമകനായ ഏശാവ് തൻറെ അനുജനായ യാക്കോബ് ഉണ്ടാക്കിക്കൊണ്ടിരുന്ന അമരപ്പയര്‍ പുഴുക്ക് (പായസം എന്നത് തെറ്റായ പരിഭാഷയാണ്) കണ്ട് ആർത്തിപിടിച്ച്, അത് ലഭിക്കുവാൻ വേണ്ടി തൻറെ ജ്യേഷ്ഠാവകാശം യാക്കോബിന് വിറ്റതും, ചുവന്ന അമരപ്പയറിനോടുള്ള ആ ആർത്തിയുടെ ഫലമായി അവന് ഏദോം (ചുവന്ന) എന്ന പേര് ഉണ്ടായതും നമുക്കറിയാം. (ഉൽ 25:30)

ഏശാവ് സേയീര്‍ എന്ന മലമ്പ്രദേശത്ത് താമസമാക്കി (ഉൽ 32:3). തൻറെ കാനാന്യരായ ഭാര്യമാർ തൻറെ അപ്പന് അപ്രിയരായി തോന്നിയതിനാൽ ഏശാവ് തൻറെ പിതൃസഹോദരനായ യിശ്മായേലിന്‍റെ മകളെ വിവാഹം ചെയ്തു. (ഉൽ 28:9). ഈ ബന്ധത്തിൽ നിന്നുമായിരിക്കാം ഏശാവ് എന്ന ഏദോമിൻറെ പിൻഗാമികൾക്ക് യിശ്മായേലിന്‍റെ പിൻഗാമികളിൽ ഒരാളായ ബൊസ്ര എന്ന ആളുടെ ദേശം ലഭിച്ചത്. (ഉൽ 36:33; യെശ 34:6; 63:1).

സേയീർ, ഏദോം, ബൊസ്ര എന്നീ പേരുകൾ ഏശാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാരം.

ഏദോമിൻറെ നാശത്തിനെ പറ്റിയുള്ള പ്രവചനവും പൂർത്തീകരണവും.


വെളിപ്പാട് പുസ്തകത്തിലെ സംഭ്രമിപ്പിക്കുന്ന വർണ്ണനകൾ പോലെ തന്നെ സംഭ്രമിപ്പിക്കുന്നതാണ് ഏദോമിൻറെ നാശത്തിനെ പറ്റിയുള്ള വർണ്ണനയും.
യെശ 34:4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾ പോലെ ചുരുണ്ടുപോകും; അതിൻറെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടിപ്പൊഴിയുന്നത് പോലെയും അത്തിവൃക്ഷത്തിൻറെ കായ് വാടിപ്പൊഴിയുന്നത് പോലെയും പൊഴിഞ്ഞുപോകും.
യെശ 34:5 എൻറെ വാൾ സ്വർഗത്തിൽ ലഹരിപിടിച്ചിരിക്കുന്നു; അത് ഏദോമിൻ മേലും ഞാൻ ശപിച്ച ജാതിയുടെ മേലും ന്യായവിധിക്കായി ഇറങ്ങിവരും.
യെശ 34:6 യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പ് പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തത്താലും ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പിനാലുമാണ്; യഹോവയ്ക്ക് ബൊസ്രയില്‍ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.
യെശ 34:7 അവയോട് കൂടെ കാട്ടുപോത്തുകളും കാളകളോട് കൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പിനാല്‍ നിറഞ്ഞിരിക്കും.
യെശ 34:8 അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്‍റെ വിവാദത്തില്‍ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.
ഇത് നടന്നില്ലെന്ന് വാദിക്കുവാൻ തോന്നുന്നില്ലേ? വേദപുസ്തകം എന്താണ് പറയുന്നതെന്ന് നോക്കൂ:
മലാ 1:3 ഏശാവിനെ ഞാൻ ദ്വേഷിച്ചു അവൻറെ പർവ്വതങ്ങളെ ശൂന്യമാക്കി (ഭൂതകാലം) അവൻറെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്ക് കൊടുത്തിരിക്കുന്നു (ഭൂതകാലം).
ഇനിയുമുണ്ട് തെളിവുകൾ:
യെശ 63:1 ഏദോമിൽ നിന്നും, രക്താംബരം ധരിച്ചുകൊണ്ട് ബൊസ്രയിൽ നിന്നും വരുന്ന ഇവൻ ആര്? വസ്ത്രാലംകൃതനായി തൻറെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്ന ഇവൻ ആര്? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നേ.
യെശ 63:2 ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി; ജാതികളിൽ ആരും എന്നോട് കൂടെ ഉണ്ടായിരുന്നില്ല; എൻറെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എൻറെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എൻറെ വസ്ത്രത്തിൽ തെറിച്ചു; എൻറെ ഉടുപ്പ് മുഴുവനും മലിനമായിരിക്കുന്നു.
യെശ 63:3 ഞാൻ ഒരു പ്രതികാര ദിവസം കരുതിയിരുന്നു; എൻറെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു.
യെശ 63:4 ഞാൻ നോക്കിയെങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണയ്ക്കുവാൻ ആരെയും കണ്ടില്ല; അതുകൊണ്ട് എൻറെ ഭുജം തന്നേ എനിക്ക് രക്ഷ വരുത്തി; എൻറെ ക്രോധം തന്നേ എനിക്ക് തുണനിന്നു.
യെശ 63:5 ഞാൻ എൻറെ കോപത്തിൽ ജാതികളെ ചവിട്ടി, എൻറെ ക്രോധത്തിൽ അവരെ തകർത്തു, അവരുടെ രക്തത്തെ ഞാൻ നിലത്ത് വീഴ്ത്തിക്കളഞ്ഞു.
ഇത്രയും വചനങ്ങൾ ആര് വായിക്കുമല്ലേ? ഏദോം നശിപ്പിക്കപ്പെട്ടപ്പോൾ ആകാശത്തിലെ സൈന്യമെല്ലാം (നക്ഷത്രങ്ങളും ഗൃഹങ്ങളുമാകാം, അല്ലെങ്കിൽ ദൂതന്മാരുടെ ഗണമായിരിക്കാം) അലിഞ്ഞുപോകുകയും, ആകാശം ഒരു ചുരുൾ പോലെ ചുരുണ്ടുപോകുകയും; അതിൻറെ സൈന്യമൊക്കെയും പൊഴിഞ്ഞുപോകുകയും ചെയ്തെങ്കിൽ അതിന് ശേഷവും (ലൂക്കാ 2:13) ഇവയൊക്കെ ഉണ്ടായിരുന്നല്ലോ? അവ എങ്ങനെ ഉണ്ടായി?

വെളിപ്പാട് പുസ്തകത്തിൽ എന്നപോലെ സംഭ്രമം ഉണ്ടാക്കുന്ന ഭാഷയാണ് യെശ 34ലും ഉപയോഗിച്ചിരിക്കുന്നത്. വായിച്ചാൽ ആകാശം ഇല്ലാതാകും, നക്ഷത്രങ്ങൾ അത്തിപ്പഴങ്ങൾ പോലെ കൊഴിഞ്ഞുവീഴും എന്നെല്ലാം തോന്നും, പക്ഷേ, യഥാർത്ഥത്തിൽ സംഭവിച്ചതോ? കേരളത്തിൻറെ അത്രയും പോലും വിസ്തീർണ്ണമില്ലാത്ത ഒരു ചെറിയ ദേശം നാശമായി. (മുകളിലുള്ള ഭൂപടം കാണുക.)

ഏദോം (സേയീർ) നിലനിന്നിരുന്ന സ്ഥലം ഇപ്പോൾ പെട്ര (Petra) എന്നാണ് അറിയപ്പെടുന്നത്. ഇത് ഇപ്പോൾ ഒരു ലോകപൈതൃകസ്ഥാനമാണ് (World Heritage Site).



ഏദോമ്യർക്ക് എന്ത് സംഭവിച്ചു?


വളരെ വ്യക്തമായി മനസ്സിലാക്കേണ്ട സംഗതി മലാ 3:1ൽ ഏശാവിൻറെ (ഏദോമിൻറെ) മലകളെ യഹോവ ശൂന്യമാക്കി എന്ന് പറഞ്ഞതല്ലാതെ, അവസാനത്തെ ഏദോമ്യനെയും കൊന്നൊടുക്കി എന്ന് അവകാശപ്പെട്ടിട്ടില്ല.

നെബൂഖദ്നേസർ യിസ്രായേലിനെ അക്രമിച്ച് യിസ്രായേല്യരെ ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോയ ശേഷം, ഏദോമിനെ അക്രമിച്ച് ക്ഷയിപ്പിച്ചു. പിന്നീട് നബാത്യർ (Nabataeans, മുകളിലുള്ള ഭൂപടം കാണുക.) ഏദോമിനെ അക്രമിച്ചപ്പോൾ ബാക്കിയായവർ യെഹൂദയുടെ തെക്ക് ഭാഗത്തുള്ള നെഗേവ് എന്ന പ്രദേശത്ത് താമസമുറപ്പിച്ചു. കാലക്രമത്തിൽ അവരിൽ പലരും യെഹൂദ മതം സ്വീകരിക്കുകയും സ്ഥാനമാനങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരാളായിരുന്നു മഹാനായ ഹെരോദിൻറെ (Herod the Great) പിതാവ് ഇദൂമ്യനായ ആൻറിപേറ്റർ (Antipater the Idumaean, എദോം എന്നതിൻറെ ഗ്രീക്ക് രൂപമാണ് ഇദൂമ്യ. KJVയിൽ യെശ 34:5 കാണുക).

ഹെരോദ്യരായി മാറിയ ഏദോമ്യർ പരീശരുടെ ചട്ടുകങ്ങളായി വർത്തിക്കുന്നതും അവരുടെ യേശുവിന് വിരോധമായുള്ള ഗൂഢാലോചനകളിൽ പങ്കാളികളാകുന്നതും മത്താ 22:16; മർക്കോ 3:6; 12:13; എന്നീ വചനങ്ങളിൽ കാണാം. അവർക്ക് അവരുടെ സ്വന്തമായ ദുർബോധനകൾ ഇല്ല എന്ന് ഒറ്റ നോട്ടത്തിൽ തോന്നാം. പക്ഷേ, ഹെരോദിന് ദുർബോധന ഉണ്ടായിരുന്നു എന്നത് ഹെരോദിനും ഹെരോദ്യർക്കും ഉള്ള ബന്ധത്തിന് തെളിവാകുന്നു:
യേശു അവരോട്: “പരീശരുടെ പുളിച്ചമാവും ഹെരോദിന്‍റെ പുളിച്ചമാവും സൂക്ഷിച്ചുകൊള്ളുവിന്‍” (മർക്കോ 8:15) പുളിച്ചമാവ് = ദുരുപദേശം (മത്താ 16:12)

ഏദോമ്യരുടെ അന്ത്യം


ക്രിസ്തബ്ദം 70ൽ (70 AD) ടൈറ്റസ് സീസർ യെരൂശലേമിനെ പിടിച്ചപ്പോൾ 20,000 ഹെരോദ്യരായി മാറിയ ഏദോമ്യർ യെഹൂദ്യ തീവ്രവാദികളായ സീലട്ടുകൾക്ക് [Zealots] പിന്തുണ നൽകിയിരുന്നതാണ് ചരിത്രത്തിൽ അവരെ പറ്റിയുള്ള അവസാത്തെ പരാമർശം. അവർ ചരിത്രത്തിൽ നിന്നും ഇല്ലാതായി. ഭയം മൂലധനമാക്കിയ ചില മതവാദികൾ കണ്ണിൽ കണ്ടവരെയെല്ലാം - യാസ്സർ അറാഫത്ത്, സദ്ദാം ഹുസൈൻ, ഒസാമാ-ബിൻ-ലാദൻ അങ്ങനെ പലരെയും ഏദോമ്യരായി അവരോധിക്കുന്നു എന്നല്ലാതെ ഏദോമ്യർ കട്ടിലിന് അടിയിൽ പൂച്ചക്കുട്ടി പതുങ്ങിയിരിക്കുന്നത് പൊലെ പതുങ്ങിയിരിക്കുന്നു ഏത് നിമിഷവും ചാടിവീഴാം എന്നെല്ലാം പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ഏദോമ്യരുടെ കഥ കഴിഞ്ഞു, അത്രതന്നെ.

യഹോവ ഏദോമിനെ നശിപ്പിക്കുവാൻ ഉണ്ടായ പ്രകോപനം.


യിസ്രായേൽ മിസ്രയീമിൽ നിന്നും പുറപ്പെട്ട കാലം മുതൽ തുടങ്ങിയതാണ് ഏദോമിൻറെ ചൊറിച്ചിൽ. (ഇയ്യേ, ഇയാൾ എന്തൊരു ഭാഷയാ ഉപയോഗിക്കുന്നേ?!) ഏദോമിനും യിസ്രായേലിനും യെഹൂദയ്ക്കും ഇടയിൽ ഉണ്ടായ യുദ്ധങ്ങളും, പരസ്പരം ജനങ്ങളെ അടിമകളായി പിടിച്ചതിൻറെയും കൊന്നൊടുക്കിയതിൻറെയും കഥകൾ വേദപുസ്തകത്തിലുണ്ട്, അത് ഇവിടെ ആവർത്തിക്കേണ്ട ആവശ്യമില്ല. ഏദോമിൻറെ ചെറ്റത്തരങ്ങൾ (ഭാഷ കണ്ടില്ലേ?!) ഇതൊന്നുമല്ല.

കി.മു.ആറാം നൂറ്റാണ്ടിൽ യെരൂശലേം നശിപ്പിക്കപ്പെട്ട സമയത്ത് അവർ കാട്ടിക്കൂട്ടിയ തെമ്മാടിത്തരങ്ങളാണ് അവരെ ദൈവകോപത്തിന് പാത്രരാക്കിയത്.
സങ്കീ 137:7 യഹോവേ, യെരൂശലേം നിലംപതിച്ച ദിനത്തില്‍ ഏദോമ്യര്‍ ചെയ്തത് ഓര്‍ക്കേണമേ, അവര്‍ പറഞ്ഞു: “അതിന്‍റെ അടിത്തറ മുതല്‍ അതിനെ നശിപ്പിക്കുക.”
ഈ സങ്കീർത്തനം ബാബേലിൽ പ്രവാസികളായിരുന്ന യിസ്രായേല്യർ യെരൂശലേമിനെ പറ്റി പാടിയ ശോകഗാനത്തിൽ നിന്നുമാണ്. (ഏകദേശം എൻറെ പ്രായമുള്ളവർക്ക് ബോണിയെമ്മിൻറെ By the Rivers of Babylon എന്ന പാട്ട് അറിയാമായിരിക്കും.)

യെഹെ 35:5 നീ (ഏദോമ്യർ) എപ്പോഴും എന്‍റെ ജനത്തിന് എതിരായിരുന്നു. യിസ്രായേലിന് എതിരെ അവരുടെ ദുരിതകാലത്തും അവരുടെ അന്ത്യശിക്ഷയുടെ വേളയിലും നീ നിന്‍റെ വാള്‍ ഉപയോഗിച്ചു.
ഈ വചനത്തിൽ അന്ത്യശിക്ഷ എന്ന വാക്ക് കാണുമ്പോൾ ചിലർക്ക് ഇത് ഭാവികാലത്തിൽ നടക്കേണ്ട കാര്യമാണെന്ന് തോന്നും. ഈ അദ്ധ്യായത്തിൻറെ ആരംഭത്തിൽ നിന്നും വായിച്ചാൽ ഇത് സേയീർ മല നശിപ്പിക്കപ്പെടുന്നതിന് മുമ്പ് നടക്കേണ്ട കാര്യമായിരുന്നു എന്ന് മനസ്സിലാകും.
യെഹ 35:3 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു സേയീര്‍ പര്‍വ്വതമേ, ഞാന്‍ നിനക്ക് വിരോധമായിരിക്കുന്നു; ഞാന്‍ നിന്‍റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും. (ഇതാണ് പൂർത്തിയായി എന്ന് മലാ 1:1-3ൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്..)

ഇനിയാണ് ഏദോമിൻറെ ചെറ്റത്തരത്തിൻറെ പാരമ്യം.

ഓബ 1:10 നിൻറെ സഹോദരനായ യാക്കോബിനോട് നീ ചെയ്ത സാഹസം നിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
ഓബ 1:11 നീ എതിർപക്ഷത്ത് നിന്ന നാളിൽ അന്യജാതിക്കാർ അവൻറെ സമ്പത്ത് അപഹരിച്ച്, കൊണ്ടുപോകുകയും അന്യദേശക്കാർ അവൻറെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിന് ചീട്ടിടുകയും ചെയ്ത നാളിൽ തന്നേ, നീയും അവരിൽ ഒരുവനെ പോലെ ആയിരുന്നു.
ഇവിടെ എഴുതിയിരിക്കുന്നത് എന്താണെന്ന് ഇത് പരിഭാഷപ്പെടുത്തിയ ആൾക്ക് ഒരു പിടിപാടും ഇല്ല. ഇവിടെ എതിർപക്ഷത്ത് ചേർന്നു എന്ന അർത്ഥമാണുള്ളത് പക്ഷേ, യഥാർത്ഥത്തിൽ നടന്നത് എതിർവശത്ത് നിന്നു എന്നുള്ളതാണ്. നിങ്ങളുടെ വീടിന് തീപിടിക്കുമ്പോൾ നിങ്ങളുടെ അയൽവാസി കൈയ്യുംകെട്ടി വഴിയുടെ എതിർവശത്ത് നിൽക്കുന്നത് പോലെ ഏദോം നിന്നു. അയൽവാസിക്ക് അനർത്ഥം നേരിടുമ്പോൾ സഹായിക്കേണ്ടവൻ കാഴ്ചക്കാരനെ പോലെ നിൽക്കുന്നതിനേക്കാൾ വലിയ ചെറ്റത്തരം വേറെയില്ല.
ഓബ 1:12 നിൻറെ സഹോദരൻറെ ദിവസം, അവൻറെ അനർത്ഥ ദിവസം തന്നെ, നീ കണ്ട് രസിക്കേണ്ടതല്ല; നീ യെഹൂദ്യരെ കുറിച്ച് അവരുടെ അപായ ദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പ് പറയരുതായിരുന്നു.
ഓബ 1:13 എൻറെ ജനത്തിൻറെ അപായ ദിവസത്തിൽ നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; അവരുടെ അപായ ദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ട് രസിക്കരുതായിരുന്നു; അവരുടെ അപായ ദിവസത്തിൽ അവരുടെ സമ്പത്തിൻറെ മേൽ നീ കൈ വെക്കരുതായിരുന്നു.
തരംകിട്ടിയപ്പോൾ ഈ ചെറ്റകൾ ഉള്ളിൽ കടന്ന് കക്കാവുന്നതൊക്കെ കട്ടു.
ഓബ 1:14 അവൻറെ ഓടിപ്പോകുന്നവരെ വിഛേദിക്കുവാൻ നീ വഴിത്തലയ്ക്കൽ നിൽക്കരുതായിരുന്നു; കഷ്ടദിവസത്തിൽ അവന് ശേഷിച്ചവരെ നീ ഏൽപിച്ചുകൊടുക്കരുതായിരുന്നു.
തീർന്നില്ല, ഏദോമിൻറെ ചെറ്റത്തരം: ബാബേൽ സൈന്യം ഉള്ളിൽ കടന്ന് കൊല്ലുകയും, കൊള്ളയടിക്കുകയും, സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ ജീവനുംകൊണ്ട് ഓടിയവർക്ക് തടസ്സം നിന്ന് അവരെ ശത്രുവിന് പിടിക്കുവാൻ സൌകര്യം ചെയ്തുകൊടുത്ത ഇവരെ വിശേഷിപ്പിക്കുവാൻ ചെറ്റകൾ എന്നതിനേക്കാൾ നല്ല വാക്കുണ്ടെങ്കിൽ പറഞ്ഞുതരൂ, ഞാൻ ഈ ലേഖനം മാറ്റിയെഴുതാം.

ഈ കാണിച്ച ചെറ്റത്തരത്തിനാണ് യഹോവ ഏശാവിൻറെ പർവതങ്ങളെ ചുട്ടെരിച്ചത്. ഇത്രയും ചെയ്തവരെ ശിക്ഷിക്കുവാൻ യഹോവ 2500ൽ പരം വർഷങ്ങൾ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ?

ഈ ആഖ്യാനത്തിൽ നിന്നും പഠിക്കേണ്ട പാഠങ്ങൾ.

  • പ്രവചനത്തിൻറെ ഭാഷയിൽ ആകാശം ചുരുൾ പോലെ ചുരുട്ടി നീക്കപ്പെടും, ആകാശ സൈന്യങ്ങൾ അത്തിപ്പഴങ്ങൾ കാറ്റിൽ വീഴുന്നത് പോലെ വീഴും എന്നൊക്കെ എഴുതിയത് അക്ഷരംപ്രതി നടക്കേണ്ട കാര്യങ്ങളല്ല.അങ്ങനെ നടക്കുമായിരുന്നെങ്കിൽ ക്രിസ്തുവിന് ആറ് നൂറ്റാണ്ട് മുമ്പ് നക്ഷത്രങ്ങളും, ഗൃഹങ്ങളും ദൂതന്മാരും ഇല്ലാതാകുമായിരുന്നു.
  • യഹോവ ഏതെങ്കിലും ദേശത്തിൻറെ മേൽ പ്രതികാരം ചെയ്യും എന്ന് പറഞ്ഞാൽ യഹോവ യുദ്ധം ചെയ്യുവാൻ ഇറങ്ങിവരും എന്നല്ല അർത്ഥം, അവിടന്ന് ആ ദേശത്തിൻറെ മേൽ ശത്രുക്കളെ അയയ്ക്കും എന്നാണ് അർത്ഥം. യിസ്രായേലിനെ നശിപ്പിക്കുവാൻ ബാബേലിനെയും, ബാബേലിനെ നശിപ്പിക്കുവാൻ പേർഷ്യയെയും, ഏദോമിനെ നശിപ്പിക്കുവാൻ ബാബേലിനെയും നബാത്യരെയും അയച്ചത് പോലെ.
  • യഹോവയുടെ പ്രതികാരത്തിൻറെ ദിവസം (the day of vengeance - സ്ട്രോങ്സ് നിഘണ്ടുവിൽ H5359, H3117) എന്ന പദസമുച്ചയം ഉപയോഗിക്കപ്പെട്ടിരിക്കുന്ന വചനങ്ങളിൽ (സദൃ 6:34; യേശ 34:8; 61:2; 63:4) 50% എണ്ണവും (യേശ 34:8; 63:4) ഉപയോഗിച്ചിരിക്കുന്നത് ഏദോമിൻറെ വിഷയത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിൽ നിന്നും യഹോവയുടെ പ്രതികാരത്തിൻറെ ദിനം എന്നത് ഏദോമിൻറെ നാശത്തിൻറെ ദിവസത്തേക്കാൾ ഭയാനകമല്ല എന്ന് വ്യക്തമാകുന്നു.
  • യെഹെ 35:5 വീണ്ടും വായിച്ചുനോക്കൂ, കി.മു. ആറാം നൂറ്റാണ്ടിൽ യെരൂശലേമിന് സംഭവിച്ച നാശം അവരുടെ അന്ത്യശിക്ഷയായിരുന്നു എന്നത് ശ്രദ്ധിക്കുക. പല പരിഭാഷകളും ഈ വചനത്തിലെ അന്ത്യശിക്ഷ എന്ന ഭാഗം അവ്യക്തമായാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ERV, ESV, GW, ISV, RSV തുടങ്ങിയ പരിഭാഷകളിൽ the time of their final punishment (അവരുടെ അന്ത്യശിക്ഷയുടെ കാലത്ത്) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. അതായത്, കി.മു. ആറാം നൂറ്റാണ്ടിൽ നടന്നത് യിസ്രായേലിൻറെ അന്തിമശിക്ഷയാണ്. അതായത് അന്തിമശിക്ഷയുടെ കാഠിന്യം അത്രയേയുള്ളൂ. (മറ്റ് പരിഭാഷകളിൽ അകൃത്യങ്ങളുടെ അവസാനം എന്നാണുള്ളത് - the time that their iniquity had an end - അന്തിമവിധി കി.മു. ആറാം നൂറ്റാണ്ടിൽ നടന്നോ എന്ന് ചോദിച്ചാൽ, കി.മു. ആറാം നൂറ്റാണ്ടിന് ശേഷം അവർ അകൃത്യങ്ങൾ ചെയ്തിട്ടില്ലേ? എന്നതായിരിക്കും എൻറെ മറുചോദ്യം.)
  • യെശ 63:2ൽ മുന്തിരിച്ചക്ക് ചവിട്ടുന്നതിനെ പറ്റി എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. ഇതേ ആശയം വെളിപ്പാട് പുസ്തകത്തിലും ഉണ്ട്. (വെളി 14:19, 20). യെശ 63ൽ ബൊസ്ര എന്നതുപോലെ വെളിപ്പാട് പുസ്തകത്തിൽ മുന്തിരിച്ചക്ക് ചവിട്ടപ്പെടുന്നത് ഒരു നഗരത്തിന് വെളിയിലാണ്. അതായത്, ഏദോമിൻറെ കാര്യത്തിൽ എന്നതുപോലെ ശിക്ഷ ആഗോളതലത്തിൽ ഉള്ളതല്ല, പ്രാദേശികം മാത്രമാണ്.
ജനരാശികളുടെ ഉന്മൂലനം ദൈവത്തിൻറെ പദ്ധതിയല്ല എന്ന് പറഞ്ഞാൽ ഉടനേ, ജലപ്രളയത്തിലൂടെ ലോകത്തിലുള്ള ജനങ്ങളെ മുഴുവൻ ഉന്മൂലനം ചെയ്തില്ലേ എന്ന് ഉൽപത്തി പുസ്തകം, 1പത്രോ 3:20; 2പത്രോ 2:5 എന്നിവ ഉദ്ധരിച്ചുകൊണ്ട് വാദിക്കുന്നവർ ഉൽപത്തി പുസ്തകവും പഠിച്ചിട്ടില്ല, പത്താം ക്ലാസ്സ് വരെ ക്ഷേത്രഗണിതവും, ജീവശാസ്ത്രവും പഠിച്ചിട്ടില്ല. വേണമെങ്കിൽ അത്തരക്കാരെ എൻറെ അടുത്തേയ്ക്ക് അയയ്ക്കൂ, ഞാൻ ഈ പറഞ്ഞത് സത്യമാണെന്ന് തെളിയിച്ചുതരാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.


ചീത്തവിളിക്കുവാൻ മുട്ടുന്നവർ 09341960061, 09066322810 എന്നീ നമ്പറുകളിലേക്ക് മിസ്ഡ് കോൾ തന്നാൽ ഞാൻ തിരിച്ചുവിളിച്ച് ചീത്തവിളി കേട്ടോളാം.

No comments:

Post a Comment